The Constant Gardener തീർന്നു. പ്രതീക്ഷിച്ച പോലെ, പ്രതീക്ഷ തരാതെ. എം ജി ശശിയുടെ ‘അടയാളങ്ങൾ’(തിരക്കഥ) വായിച്ചു തീർത്തു. ആദ്യത്തെ പേജിലെ ആദ്യത്തെ വരികളിലൊന്നിൽ സംഗ്രഹിക്കാവുന്ന പുസ്തകം.
‘നന്തനാരുടെ ജീവിതം നീട്ടിവയ്ക്കപ്പെട്ട ഒരു മരണമായിരുന്നു.’ (ആദ്യം ഞാൻ വായിച്ചത് ‘നീട്ടിവരയ്ക്കപ്പെട്ട ഒരു മരണമായിരുന്നു’ എന്ന്. അബദ്ധത്തിൽ ആണെങ്കിലും, കുറച്ച് കൂടി മനസ്സിനെ പിടിച്ചുലച്ചു ആ കല്പന.)
അടുത്തടുത്ത് വായിച്ച, ഈ താരതമ്യേന bleak പുസ്തകങ്ങൾ തന്നത് ഒരു കൈക്കുടന്ന നിറയെ ... പ്രതീക്ഷ.
The Constant Gardener നടക്കുന്നത് ആഫ്രിക്കയിലാണ്. ശരാശരി ഇൻഡ്യാക്കാരനു സ്വിറ്റ്സർലന്റും ആഫ്രിക്കയും സമദൂരം. ആഫ്രിക്ക നമ്മളെ ഞെട്ടിക്കും. സകലരാജ്യങ്ങളും അവറ്റകളുടെ വ്യവസ്ഥിതതാല്പര്യങ്ങളും നക്കിനശിപ്പിയ്ക്കുന്ന ആഫ്രിക്ക. മനുഷ്യരിൽ മരുന്നുകൾ പരീക്ഷിക്കാൻ, കാലാവധി കഴിഞ്ഞ മരുന്നുകൾ കൊണ്ടു തട്ടാൻ. രത്നങ്ങൾക്ക്. സ്വർണ്ണത്തിന്. Justin Quayle ആണ് ഉദ്യാനങ്ങളുടെ നിത്യപാലകനായ കഥാപുരുഷൻ. തന്റെ പ്രിയപ്പെട്ട Tessaയുടെ യുദ്ധം ഏറ്റെടുത്തൂ Justin - അവളെ കൊന്ന മരുന്നുമാഫിയക്കെതിരെ. തന്റെ ഉള്ളിലെ ഭൂതങ്ങൾക്കെതിരെ. Tessaയ്ക്ക് അന്തിക്കൂട്ട് Arnold Bluhm എന്ന് Nairobi മുഴുവൻ പറഞ്ഞിട്ടും Tessaയെ തനിക്കറിയാവുന്നപോലെ ആർക്കുമറിയില്ല എന്നറിഞ്ഞ Justin. സംശയം മനസിന്റെ ഒരറ്റം കരണ്ടുതുടങ്ങിയാൽ Tessaയെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തി മാപ്പപേക്ഷിക്കുന്നവൻ. 'Polite to a fault'.
കഥാപാത്രമായെങ്കിലും ഇങ്ങിനൊരാൾ ഉണ്ടെന്നത് പ്രതീക്ഷ തന്നു.
പിന്നെ നന്തനാർ. നീട്ടിവയ്ക്കപ്പെട്ട ആ മരണത്തിനും ഉണ്ടായി, പ്രതീക്ഷ നല്കാൻ ഒരു മീനാക്ഷിക്കുട്ടി.
‘പെയ്തുതോർന്ന ഇല്ലിപ്പട്ടിലിന്റെ മണമാണവൾക്ക്. മരം പെയ്യുന്ന പച്ചമണം. അവളുടെ മണം, എനിക്കറിയാം. ജീവിയ്ക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്.’
പിന്നെ മിന്നായം പോലെ വന്നു പോയ, ഗാന്ധിജിയുമായി തെറ്റിപ്പിരിഞ്ഞ, ഭാസ്കരക്കുറുപ്പ്.
‘ഒഴുകുന്ന പുഴയ്ക്കുറിച്ച് പറഞ്ഞുതന്നു. മിടിക്കുന്ന ജീവിതം കാട്ടിത്തന്നു. ശരിക്കുള്ളിലെ തെറ്റിനെക്കുറിച്ച് സന്ധിയില്ലാത്തൊരാൾ. അങ്ങനെ ചിലരുണ്ടാകും. തന്നോടുതന്നെ പോരടിക്കും. അവസാനം ഒറ്റപ്പെട്ട്...ഒറ്റയ്ക്ക്..ആരും കൂട്ടില്ലാതെ...’
ശരിയ്ക്കുളിലെ തെറ്റിനെ ചോദ്യം ചെയ്യുന്നവരല്ലേ പലപ്പോഴും നമുക്ക് ഏറ്റവും പ്രതീക്ഷ നല്കുന്നത്?
എല്ലാവരേയും ഇടിച്ചിട്ട് നായകൻ നായികയുമായി നടന്നു പോകുമ്പോൾ, ലോഹിതദാസ് രചിച്ച ആധാരത്തിന്റെ അവസാന ഷോട്ടിൽ സ്ക്രീനിൽ തെളിയുന്നതീ വാക്കുകൾ :
‘ഇത് സത്യസന്ധമായ ഒരു കഥയുടെ അവാസ്തവികമായ പരിണാമമാണ്.‘
വിലമതിക്കാനാവാത്ത തിരിച്ചറിവ് - പ്രതീക്ഷയായി.
’നല്ലത് ചിന്തിച്ച്, നല്ലത് മാത്രം പ്രതീക്ഷിക്കുക; അപ്പോൾ നല്ലത് നടക്കും‘ എന്ന് ലോഡ്ജിലെ ബാബുവിനെ ഉപദേശിച്ച കയ്യൊപ്പിലെ ബാലചന്ദ്രന്റെ കഥ അവസാനിക്കുമ്പോൾ - (’കൊല്ലരുതേ ഈ നന്മയെ‘ എന്ന് എപ്പോഴെങ്കിലും പറയുന്നുണ്ടോ, കയ്യൊപ്പിൽ? ഒരു തോന്നൽ...) - അണയുന്നുവോ, അതോ ഉണരുന്നുവോ പ്രതീക്ഷ?
ഉണരുന്നു എന്ന് ഞാൻ.
ശുഭാന്ത്യങ്ങളല്ലാത്ത നല്ല കഥകൾ അങ്ങനെയായിത്തീരുന്നത് എഴുത്തുകാരിയുടെ സത്യസന്ധത ഒന്നു കൊണ്ടു മാത്രം. ജീവിതത്തിൽ മരണത്തിനു കാവ്യനീതിയ്ക്കുള്ള സമയമില്ല. പക്ഷേ Justiനെപ്പോലെ, ഭാസ്കരക്കുറുപ്പിനെപ്പോലെ, ബാലചന്ദ്രനപ്പോലെ ജീവിക്കാനായാൽ പിന്നെ കഥാന്ത്യം ശുഭമായാലെന്ത്, ആയില്ലെങ്കിലെന്ത്.
